ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിക്കുന്നു. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനാണ് ലിജേഷ് മുല്ലത്താഴത്ത്.
പുരസ്‌കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ എൻ പ്രഭു അറിയിച്ചു. അതേസമയം, ഹർജിക്കാരൻ അവാർഡ് നിർണയത്തിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ തടസ്സ ഹർജി നൽകിയിരുന്ന ചലച്ചിത്ര അക്കാദമിക്കും രഞ്ജിത്തിനും വേണ്ടി സീനിയർ അഭിഭാഷകൻ സുധി വാസുദേവൻ, അഭിഭാഷകരായ അശ്വതി എം കെ ശിൽപ്പ സതീഷ് തുടങ്ങിയവർ ഹാജരായി.

