ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി സുപ്രീം കോടതി അഭിഭാഷകൻ കെ പരമേശ്വറിനെ നിയമിച്ചു. മലയാളിയായ അദ്ദേഹം തൃപ്പൂണിത്തുറ സ്വദേശിയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ കേസുകളിൽ ഹാജരാകാനാണ് അദ്ദേഹത്തെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്. പരിസ്ഥിതി, ജുഡീഷ്യൽ നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും അദ്ദേഹം ഹാജരായിട്ടുണ്ട്.
ഗോദവർമ്മൻ തിരുമുൽപാട് കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിലെ അമിക്കസ് ക്യുറിയാണ് കെ പരമേശ്വർ. അദ്ദേഹം ഹൈദരാബാദിലെ നാഷണൽ ലോ യൂണിവേർസിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്. കൊച്ചി കൊച്ചി നേവൽ പബ്ലിക് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. ജഡ്ജി പി എസ് നരസിംഹ സീനിയർ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജൂനിയറായും ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലോ ക്ലർക്കായും കെ പരമേശ്വർ പ്രവർത്തിച്ചിട്ടുണ്ട്.

