ചെലവ് 10 കോടി; ജി20 ഉച്ചകോടി വേദിയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും നടരാജ ശിൽപ്പം എത്തുന്നു

ചെന്നൈ: ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി വേദിയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും നടരാജ ശിൽപ്പം എത്തുന്നു. തഞ്ചാവൂരിലെ സ്വാമിമലയിലാണ് 28 അടി ഉയരമുള്ള നടരാജ ശിൽപം നിർമിച്ചത് തമിഴ്‌നാട്ടിലെ 19 ടൺ ഭാരമുള്ള ശിൽപം ഡൽഹിയിലേക്ക് ഓഗസ്റ്റ് 25ന് റോഡ് മാർഗ്ഗം അയച്ചു.ശിൽപത്തിന്റെ നിർമാണ ചെലവ് 10 കോടി രൂപയാണ്.

സ്വർണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ശിൽപം എത്തിക്കും. സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവർ ചേർന്നാണ് ശിൽപം നിർമിച്ചത്.

ശിൽപ നിർമാണത്തിന് ചോള കാലഘട്ടത്തിലെ മാതൃകയാണ് പിന്തുടർന്നതെന്ന് ശിൽപികൾ അറിയിച്ചു. പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. പ്രതിമയുടെ മിനുക്കുപണികളും അവസാന മിനുക്കുപണികളും ഡൽഹിയിൽ നടത്തുക. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു വേണ്ടി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സിലെ (ഐജിഎൻഎസി) പ്രൊഫസർ അചൽ പാണ്ഡ്യ ശിൽപം ഏറ്റുവാങ്ങി.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഫെബ്രുവരിയിലാണ് ശിൽപ നിർമാണത്തിനുള്ള ഓർഡർ നൽകിയത്. ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന പ്രതിമ തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നത്. സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുമ്പോൾ വേദിക്ക് മുൻപിൽ തലയെടുപ്പോടെ നടരാജ വിഗ്രഹമുണ്ടാകും.