ഒന്നരമണിക്കൂർ കൊണ്ട് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് പറക്കാനുള്ള സംവിധാനവുമായി നാസ

സൂപ്പർ സോണിക് വ്യോമയാന വിദ്യ ഉപയോഗിച്ച് ഏറെ ദൂരത്തുള്ള സ്ഥലങ്ങളിലേക്ക് വേഗത്തിൽ പോകാനുള്ള പദ്ധതിയുമായി നാസ. ഇത് പ്രാബല്യത്തിൽ വന്നാൽ ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് വെറും ഒന്നരമണിക്കൂർ മാത്രം യാത്ര ചെയ്താൽ മതിയാകും . അറ്റ്ലാന്റിക്കിന് കുറുകെ മണിക്കൂറിൽ 1,535-3,045 മൈൽ വേഗതയിൽ ആയിരിക്കും സൂപ്പർ സോണിക് വിമാനങ്ങൾ യാത്ര ചെയ്യുന്നത്. ഇത്തരം വിമാനങ്ങളുടെ വേഗത അളക്കുന്നത് മാച്ചിലൂടെയാണ്. ഒന്നു മുതൽ രണ്ട് മാച്ച് വരെ വേഗതയിൽ ആയിരിക്കും ഈ വിമാനങ്ങൾ പോകുന്നത്.

ഒരു എഫ് -18 യുദ്ധ വിമാനത്തിന്റെ വേഗത മാച്ച് 1.8 ആണ്. സൂപ്പർ സോണിക് വ്യോമയാന വിദ്യയിലൂടെയുള്ള യാത്ര ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് നാസ ശ്രമിക്കുന്നത്. റോൾസ് -റോയിസ്, ബോയിങ് എന്നീ കമ്പനികളാണ് ഈ പദ്ധതി നടപ്പാക്കാൻ നാസയോടൊപ്പം ചേരുന്നത്. ഇത്തരം വിമാനങ്ങളുടെ നിർമാണത്തിന്റെ പ്രാരംഭഘട്ടം മാത്രമാണ് നാസയിൽ ഇപ്പോൾ നടക്കുന്നതെന്ന് നാസയുടെ വക്താവ് റോബ് മാർഗരറ്റ് പറഞ്ഞു