ദീപപ്രഭയില്‍ ഇനി തലസ്ഥാനം തിളങ്ങും; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ ഇന്ന്

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മിഴിവേകാനായി ദീപവിസ്മയങ്ങൾ ഒരുങ്ങി. ഓണാഘോഷത്തിന്റെ ആസ്ഥാനമായ കനകക്കുന്നും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിന് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

ഓണം കൂടാൻ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങൾ ഇന്ന്(ആഗസ്റ്റ് 26) വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികൾ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും. വൈകുന്നേരം 6.30ന് കനകക്കുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. ഇല്യൂമിനേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ സി കെ ഹരീന്ദ്രൻ എം എൽ എ, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവരും പങ്കുചേരും.