കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് പിണറായി വിജയനെന്ന് സുധാകരൻ പറഞ്ഞു. മാസപ്പടി വിവാദത്തിൽ പ്രതികരിക്കാത്തതിനാണ് കെ സുധാകരന്റെ പരിഹാസം.
മാസപ്പടിയിൽ മകൾക്കെതിരേ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. വിവാദങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പോലും പ്രതികരിച്ചില്ല. വാ തുറന്നാൽ കള്ളം മാത്രം പറയുന്ന പാർട്ടിയായ സിപിഎം കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ കുടുങ്ങിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ അഴിമതിയാണ് കരുവന്നൂരിൽ നടന്നത്. ഇതിൽ എസി മൊയ്തീനെ പ്രതിയായി ആരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് ഇതിന്റെ വസ്തുനിഷ്ടമായ കാര്യങ്ങൾ പുറത്തുവന്നത്. ഇക്കാര്യത്തിൽ ഇഡി അന്വേഷണം പുരോഗമിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

