ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ് അദ്ദേഹം ആഹ്ലാദം പങ്കുവെച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഐതിഹാസിക വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ സ്വപ്‌നം കണ്ടത് ചന്ദ്രനിൽ നടപ്പിലാക്കി. ചരിത്ര നിമിഷമാണിത്. പുതിയ ഭാരതത്തിന്റെ വിജയാഘോഷമാണിത്. താൻ ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസും ചന്ദ്രയാനൊപ്പമായിരുന്നു. രാജ്യത്തെ ഓരോ വീടുകളിലും ഇത് ഉത്സവമായി കൊണ്ടാടുകയാണ്. രാജ്യത്തെ ഓരോ കുടുംബാംഗങ്ങളെ പോലെ താനും സന്തോഷവാനാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും താൻ ഈ വേളയിൽ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അവിസ്മരണീയവും അവിശ്വസനീയനവുമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നും വികസിത ഭാരതത്തിന്റെ ശംഖനാദം ഇനി ഉണരും. നമ്മുടെ രാജ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിയിരിക്കുകയാണ്. ലോകത്ത് മറ്റൊരു രാജ്യവും ഈ നേട്ടം കൈവരിച്ചിട്ടില്ല. മാനവരാശിക്കായി ഈ വിജയം സമർപ്പിക്കുകയാണ്. ഇത് മുന്നോട്ടുള്ള പഠനങ്ങൾക്ക് ചുവടുവെപ്പാണ്. പുതിയ ഇന്ത്യയുടെ ഉദയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രോ മേധാവി എസ്. സോമനാഥിനെ ഫോണിൽ വിളിച്ച് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

