മിത്ത് വിവാദം ; മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ ആരും പോകണ്ടെന്ന് വ്യക്തമാക്കി നടൻ ജയസൂര്യ

കൊച്ചി : മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ പോകാതെ സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ടെന്ന് വ്യക്തമാക്കി നടൻ ജയസൂര്യ. ശാസ്ത്രത്തിന്റെ കണ്ട് പിടിത്തങ്ങൾ നമുക്ക് കണ്ണിലൂടെ കാണാൻ കഴിയും, എന്നാൽ അനുഭവങ്ങൾ അനുഭവിച്ച് മാത്രമേ അറിയാൻ കഴിയൂ. പഞ്ചസാര ശാസ്ത്രം കണ്ടെത്തിയതാണ്. അതിന്റെ രുചി നമുക്ക് തിരിച്ചറിയണമെങ്കിൽ അനുഭവിച്ച് തന്നെ അറിയണം. ഇത് പോലെ തന്നെയാണ് ഓരോ മനുഷ്യരുടെയും ഉള്ളിലെ വിശ്വാസവും എന്നിങ്ങനെയായിരുന്നു നടൻ പറഞ്ഞത്. എറണാകുളത്ത് നടന്ന ഗണേശോത്സവത്തിൽ പങ്കെടുക്കവെയായിരുന്നു നടൻ വിശ്വാസത്തെ പറ്റി സംസാരിച്ചത്. ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണെന്നും നടൻ അഭിപ്രായപ്പെട്ടു.

‘ഇത്രയും നല്ലൊരു പുണ്യ ചടങ്ങിൽ എന്നെ ക്ഷണിച്ചതിന് ഞാൻ ഇതിന്റെ സംഘാടകരോട് നന്ദി പറയുന്നു. നമ്മുടെ വീട്ടിൽ അതിഥി വരുമ്പോൾ നമ്മുടെ അനുവാദമില്ലാതെ അവർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. അത് പോലെ തന്നെയാണ് ഇത്തരം ചടങ്ങുകൾ. കാരണമെന്തെന്നാൽ ഇവിടുന്ന് ക്ഷണമില്ലെങ്കിൽ ഇങ്ങനെയുള്ള പുണ്യമായ പരിപാടിക്ക് പങ്കെടുക്കാൻ കഴിയില്ല.ഞാൻ ഇവിടെ നിൽക്കുന്നതിൽ ദൈവത്തിന്റെ ക്ഷണമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്.

വിശ്വാസമാണോ മിത്താണോ എന്നൊക്കെയുള്ളത് വ്യക്തിഗതമായ തീരുമാനമാണ്. ആര് എന്തൊക്കെ വിശ്വസിച്ചാലും നമുക്ക് സ്വന്തം വിശ്വാസം മുറുകെ പിടിക്കാൻ കഴിയും. ഹിന്ദു എന്നത് ഒരു സംസ്കാരമാണ് . എല്ലാ മതങ്ങളെയും നമ്മൾ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. എന്നിൽ നിങ്ങൾ നൽകിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. അത് പോലെ തന്നെ മിനിസ്റ്റാറായാലും സ്‌പീക്കറായാലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തെയും സംസ്കാരത്തെയും നമ്മുക്ക് മുറുകെ പിടിക്കാൻ സാധിക്കട്ടെ’ എന്നുമാണ് ജയസൂര്യ അഭിപ്രായപ്പെട്ടത്.