തിരുവനന്തപുരം: മാർഗദർശി ആപ്ലിക്കേഷൻ പുറത്തിറക്കി സംസ്ഥാന സർക്കാർ. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കിയത്. മാർഗദർശി ആപ്ലിക്കേഷനിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാൻ കഴിയും. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റം സംബന്ധിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
അതേസമയം, തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയെ കുറിച്ചും ഗതാഗത മന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ഇന്ന് വൈകിട്ടോടെ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ടോടെ 40 കോടി നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. അത് കിട്ടിയാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര നയമാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കി. ശമ്പളത്തിന് പകരം കൂപ്പൺ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപ്പെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പൺ കൊടുക്കാമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

