തിരുവനന്തപുരം : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചെലവ് ചുരുക്കാനായി അറ്റകൈ പ്രയോഗവുമായി ധനവകുപ്പ് രംഗത്ത്. അർദ്ധസർക്കാർ സ്ഥാപനങ്ങളും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പരമാവധി ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ശില്പശാലകൾ, സെമിനാറുകൾ എന്നിവയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം മറ്റു സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി.
ഈ നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം നഷ്ടം തിരിച്ചുപിടിക്കുമെന്നും ധന വകുപ്പ് ഉത്തരവിൽ പറയുന്നുണ്ട്. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറി എടുക്കാൻ ധന വകുപ്പിന്റെ പ്രത്യേക അനുമതി തേടാൻ ആവശ്യപ്പെട്ട് സർക്കാർ ട്രഷറി നിയന്ത്രണവും കടുപ്പിച്ചിരിക്കുകയാണ്.
ഓണക്കാലത്ത് പണം ട്രഷറിയിൽ കരുതിവെക്കാനാണ് ഈ ശ്രമമെന്നാണ് ധനവകുപ്പ് വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞ ധനമന്ത്രി കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ലെന്നും യുഡിഎഫ് എംപിമാർ സഹകരിക്കാതെ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

