തിരുവനന്തപുരം: കഴിഞ്ഞ 9 വർഷങ്ങളിലായി മൂന്ന് ലക്ഷത്തിലധികം കോടി രൂപയുടെ പദ്ധതികൾ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന് അർഹമായ വിഹിതം കേന്ദ്രം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമോത്സവം സംയോജിത ബോധവൽക്കരണ പരിപാടി തിരുവനന്തപുരം ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകുന്ന ശുപാർശയുടെയും മറ്റു മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകുന്നത്. കേരളത്തിന് ഇതിൽ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ നല്ല രീതിയിൽ നടപ്പിലാക്കാൻ ഗ്രാമോത്സവം പോലുള്ള ബോധവത്ക്കരണ പരിപാടികൾ അനിവാര്യമാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ച് അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര ഗവൺമെന്റ് മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ നടപടിക്രമങ്ങളാൽ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

