തിരുവനന്തപുരം: സിപിഎം നേതാവ് ഡോ ടി എം തോമസ് ഐസകിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിലാണ് തോമസ് ഐസക്കിന് മാത്യു കുഴൽനാടൻ മറുപടി നൽകിയത്. ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയാണ് എന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വീണ സിഎംആർഎല്ലിൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകൾ പുറത്ത് കൊണ്ടുവരുന്നത്. ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂവെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഐസക് സാറേ, അതിബുദ്ധി വേണ്ട, കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടരുതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

