വീണ വിജയനെതിരെയുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി: അന്വേഷണം നടത്താൻ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടത്താൻ നിർദ്ദേശം. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി.

പരിശോധന നടത്തുന്നത് ജിഎസ്ടി കമ്മീഷണറേറ്റാകും. വീണ ഐജിഎസ്ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നത്. വീണാ വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത്. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് വീണയുടെ എക്‌സാലോജിക് ഐടി കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപിച്ചിരുന്നത്.

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനർത്ഥം ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണെന്നും കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നു പറഞ്ഞു ധനമന്ത്രി ഇച്ഛാശക്തിയുണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.