കാവി-ചാര നിറങ്ങളിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കാവി-ചാര നിറങ്ങളിലുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമിച്ച കാവിനിറത്തിലുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി. ചെന്നൈയിൽ നടത്തിയ പരീക്ഷണയോട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ്.

പുതിയ വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തിയത് ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും പാഡി റെയിൽവേ മേൽപാലത്തിനും ഇടയിലാണ്. ഐസിഎഫ് നിർമിക്കുന്ന 33-ാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണ് കാവിനിറത്തിലുള്ളത്. പുതിയതായി നിർമിച്ച കോച്ചുകളുടെ നിറംമാറ്റിയതല്ലാതെ നിർമാണത്തിൽ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇപ്പോഴുള്ള വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകൾ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാലാണ് നിറം മാറ്റാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2019 ഫെബ്രുവരി 15ന് ന്യൂഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യയാത്ര ഉദ്ഘാടനം ചെയ്തത്.