ഭോപ്പാൽ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മദ്ധ്യപ്രദേശിനെ സാമ്പത്തികമായി പിന്നോട്ടടിച്ചത് കോൺഗ്രസ് ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ വികസന റിപ്പോർട്ട് കാർഡ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
50 വർഷത്തെ ഭരണ റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ വയ്ക്കാൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് തയ്യാറാകുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കോൺഗ്രസ് അവരുടെ വികസനത്തിന്റെ റിപ്പോർട്ട് കാർഡ് ആദ്യം ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. എന്നിട്ട് സംസാരിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ ഉത്തരവാദിത്വത്തിന്റെ ഒരു പാരമ്പര്യം തങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ സർക്കാർ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം തങ്ങൾ ഉത്തരാവാദിത്വം നിറവേറ്റുന്നു. 2004 മുതൽ 2014 വരെയുള്ള 10 വർഷത്തിനിടെ മദ്ധ്യപ്രദേശിന് കോൺഗ്രസ് നൽകിയത് വെറും 1,98,800 കോടി രൂപയാണ്. എന്നാൽ മോദി സർക്കാർ വെറും 9 വർഷം കൊണ്ട് 8,33,000 കോടി രൂപ മദ്ധ്യപ്രദേശിന് നൽകി. പ്രധാനമന്ത്രി മോദിയും ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ആരംഭിച്ച പല സംരംഭങ്ങളും കോൺഗ്രസ് നിർത്തിയെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് ബിജെപിയുടെ ഗരീബ് കല്യാൺ സംരംഭം മുടക്കി. കമൽനാഥിന്റെ സർക്കാരിനെ ‘അഴിമതി നാഥ്’ എന്നാണ് ഇന്ന് ജനങ്ങൾ വിളിക്കുന്നത്. 1956-ൽ മദ്ധ്യപ്രദേശ് നിലവിൽ വന്നു. അതിനുശേഷമുള്ള അഞ്ച്-ആറ് വർഷം ഒഴികെ 2003 വരെ കോൺഗ്രസ് സംസ്ഥാനം ഭരിച്ചു. 53 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ മദ്ധ്യപ്രദേശ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ബിജെപി സർക്കാർ സർക്കാർ അധികാരമേറ്റതോടെ ‘ബിമാരു’ ടാഗിൽ നിന്ന് മദ്ധ്യപ്രദേശിനെ പുറത്തുകൊണ്ടുവന്നു. വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കി വികസനത്തിന്റെ പാതയിൽ മദ്ധ്യപ്രദേശിനെ തങ്ങൾ നയിച്ചു. ഗോതമ്പ് കയറ്റുമതിയിൽ 45 ശതമാനം സംഭാവന നൽകി രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഇന്ന് മദ്ധ്യപ്രദേശ്. 3.62 കോടി ആയുഷ്മാൻ കാർഡുകളുമായി (ആരോഗ്യ പദ്ധതി) ഒന്നാം സ്ഥാനത്താണ് മദ്ധ്യപ്രദേശ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ വികസിപ്പിച്ച ഗ്രാമീണ റോഡുകളുടെ ഗുണനിലവാരം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാക്കി മദ്ധ്യപ്രദേശിനെ മാറ്റിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

