ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റം തുടരുന്നു; രാഹുൽ ഗാന്ധി

ലഡാക്ക്: അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റം തുടരുകയാണെന്നും അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് സൈന്യം ഇന്ത്യൻ ഭൂമിയിലാണ്. ചൈന ഇപ്പോഴും കടന്നുകയറുകയാണെന്നാണ് അതിർത്തിയിലെ ജനങ്ങൾ പറയുന്നത്. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും, ചൈന കടന്നുകയറ്റം തുടരുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ നടപടികളുണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രഭരണ പ്രദേശമാക്കിയതിനു ശേഷം ലഡാക്കിലെ ആളുകൾ ഒട്ടും സന്തുഷ്ടരല്ല. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ വളരെ രൂക്ഷമായി ലഡാക്കിലെ ജനങ്ങൾ അനുഭവിക്കുകയാണ്. അവർക്ക് നിരവധി പരാതികളുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.