ന്യൂഡൽഹി: സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. ലഡാക്കിലാണ് സംഭവം. 9 സൈനികർ അപകടത്തിൽ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറും എട്ടു ജവാൻമാരുമാണ് മരണപ്പെട്ടത്.
അപകടം നടന്നത് ലേയിൽ നിന്ന് 150 കിലോ മീറ്റർ അകലെ കിയാരിയിലാണ്. ലേയിൽ നിന്ന് കിയാരിയിലേക്ക് വാഹനവ്യൂഹം നീങ്ങുകയായിരുന്നുവെന്നും ഒരു വാഹനം ഓഫ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നും ലേയിലെ സൈനിക പിആർഒ അറിയിച്ചു. ഒരു മാരുതി ജിപ്സി, ഒരു ട്രക്ക്, ആംബുലൻസ് എന്നിവ ഉൾപ്പെടെ മൂന്നു വാഹനങ്ങളിലായി മൂന്നു ഓഫീസർമാരും രണ്ട് ജെസിഒമാരും 34 ജവാൻമാരുമാണ് യാത്ര ചെയ്തിരുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

