ദേശീയ പാതയ്ക്കായി ഏറ്റെടുക്കുന്ന കർഷകരുടെ ഭൂമിയ്ക്ക് നാലിരട്ടി വരെ വില നൽകുന്നുണ്ട് ; നിതിൻ ഗഡ്കരി

ഡൽഹി : ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന കർഷകരുടെ ഭൂമിയ്ക്ക് വിപണി മൂല്യത്തിന്റെ നാലിരട്ടി വരെ വില സർക്കാർ നൽകുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി. വീണ്ടും നഷ്ടപരിഹാരം ഉയർത്തണമെന്നാവശ്യപ്പെട്ട് ഭൂമി വിട്ട് നൽകാൻ കർഷകർ വിമുഖത കാണിക്കുന്നത് മൂലം ചില പ്രധാന ദേശീയ പാത പദ്ധതികൾക്ക് തടസ്സം നേരിടുന്നതായും മന്ത്രി വ്യക്തമാക്കി. ലുധിയാനയിലെ എം പി സഞ്ജീവ് അറോറയുടെ ദേശീയ പാത വികസനം വൈകുന്നത് ചൂണ്ടി ക്കാണിച്ചുള്ള ചോദ്യത്തിനായിരുന്നു നിതിൻ ഗഡ്കരി മറുപടി നൽകിയത്.

\ദേശീയ പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് കർഷകരുടെ ഭാഗത്തു നിന്ന് കടുത്ത എതിർപ്പുണ്ടെന്നും സ്ഥലം ലഭ്യമാകാത്തതിൽ ലുധിയാനയിൽ മാത്രം 4 പദ്ധതികൾ അവതാളത്തിലാണെന്നും ഗഡ്കരി വിശദീകരിച്ചു. പൊതുവെ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ കർഷകരിൽ നിന്ന് എതിർപ്പ് ഉണ്ടാകാറില്ലെന്നും എന്നാൽ പഞ്ചാബിലാണ് കർഷകരുടെ എതിർപ്പ് കൂടിയത് മൂലം തുക ഉയർത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുധിയാനയിൽ ഭൂമി ഏറ്റെടുക്കലും ദേശീയ പാത നിർമാണവും വേഗത്തിലാക്കാൻ വേണ്ടപ്പെട്ട അധികാരികളോട് നിർദ്ദേശിക്കണമെന്ന് സഞ്ജീവ് അറോറ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.