ജൻ ധൻ അക്കൗണ്ടുകളുടെ എണ്ണം ഇന്ത്യയിൽ 50 കോടി കടന്നെന്ന് പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യയിലെ ജൻ ധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നെന്നും ഇത് ഇന്ത്യയുടെ വികസനത്തിന്റെ സുപ്രധാനമായ ഒരു ഏടാണെന്നും അഭിപ്രായപ്പെട്ട് നരേന്ദ്ര മോദി. 50 കോടി ജൻധൻ അക്കൗണ്ടുകളിൽ 56 % സ്ത്രീകളുടേതാണെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ജൻധൻ അക്കൗണ്ടുകൾ 50 കോടി കവിഞ്ഞെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതിൽ 67% അക്കൗണ്ടും തുറന്നിരിക്കുന്നത് ഗ്രാമീണ അർധ നഗര മേഖലകളിലാണ്.

ഈ അക്കൗണ്ടുകളിൽ മുഴുവനായുള്ള നിക്ഷേപം 2.03 ലക്ഷം കോടിയേക്കാൾ മുകളിൽ വരും. ജൻധൻ അക്കൗണ്ടുകൾക്ക് സൗജന്യമായി 34 കോടിയിലാധുനികം റുപേ കാർഡുകൾ നൽകിയിട്ടുണ്ട് എന്നിങ്ങനെയാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിയാണ് ജൻ ധൻ. ബാങ്കിങ്ങ് സേവനം രാജ്യത്തെ എല്ലാ തട്ടിലുമുള്ള ആളുകൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.