കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഇഡിയ്ക്ക് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ചോദ്യം ചെയ്യലിന് ഹാജരാകാനായി കെ സുധാകരൻ കൂടുതൽ സമയം തേടി. ചൊവ്വാഴ്ച ഹാജരാകമെന്ന് സുധാകരൻ വ്യക്തമാക്കി.
കേസിൽ സുധാകരനും രണ്ട് പൊലീസ് ഓഫീസർമാർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് അന്വേഷണ ഏജൻസിയോട് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. സുധാകരൻ 18നും ഐ.ജി. ഗുഗുലോത്ത് ലക്ഷ്മൺ ഓഗസ്റ്റ് 14നും കൊച്ചി സിറ്റി കമ്മിഷണറായിരുന്ന മുൻ ഡിഐജി സുരേന്ദ്രൻ 16നും കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു ഇഡി നോട്ടീസ് നൽകിയത്.
ക്രൈം ബ്രാഞ്ച് പ്രതി ചേർത്തവരെന്ന നിലയ്ക്കാണ് കെ. സുധാകരനെയും പൊലീസ് ഓഫീസർമാരെയും ഇഡി ചോദ്യം ചെയ്യുന്നത്. കേസിലുൾപ്പെട്ട മറ്റുള്ളവരെയും മോൻസണിനെതിരെ പരാതി നൽകിയവരെയും ചോദ്യം ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.

