കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിൽ ഇന്ത്യ ഇപ്പോൾ ലോകകപ്പിന് റെഡിയായിട്ടുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി കോഹ്ലി ഉണ്ടായിരുന്നുവെങ്കിൽ 2023 ലോകകപ്പ് ഇന്ത്യയ്ക്ക് കിട്ടുമായിരുന്നുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നിലവിൽ ക്യാപ്റ്റനായ രോഹിത് ശർമ്മ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയും പ്രധാന കിരീടം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. ഐ സി സി ടൂർണമെന്റുകൾ വിജയിക്കാൻ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിന് പറ്റിയിട്ടില്ലെന്നതും മറ്റൊരു വാസ്തവമാണ്.

നിലവിൽ പ്രധാന താരങ്ങൾ പരിക്കിലായതിനാൽ ലോകകപ്പിന് ഏതൊക്കെ താരങ്ങളെ ഇറക്കുമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയായിട്ടില്ല. ‘കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ പല തവണ മാറ്റം വരുത്തി നിരവധി താരങ്ങളെ വച്ച് പരീക്ഷണം നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ല. ബാറ്റിങ്ങിൽ 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ പുതിയ ഒരു താരത്തെയും സ്ഥിരമായി കളിക്കാൻ ഇന്ത്യ സമ്മതിച്ചിട്ടില്ല’ എന്നുമായിരുന്നു റാഷിദ് യൂ ട്യൂബ് വീഡിയോയിലൂടെ പ്രതികരിച്ചത്.

റിസ്ക് ഫാക്ടർ ആണെങ്കിലും സീനിയർ താരങ്ങൾക്ക് പ്രാധാന്യം നൽകി ലോകകപ്പിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
വിരാട് കോഹ്ലി ക്യാപ്റ്റനായി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ടീം 100 % ഏകദിന ലോകകപ്പിന് ഇപ്പോൾ തയ്യാറാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.