ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യ സഖ്യത്തിൽ പോര് തുടങ്ങി. കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് ആദ്യ പോര് നടന്നത്. ഡൽഹിയിലെ കോൺഗ്രസ് നേതാവ് അൽക ലാംബ നടത്തിയ പ്രതികരണമാണ് മുന്നണിയിലെ ഭിന്നതയെ ക്കുറിച്ച് സൂചന നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അൽക്ക ലാംബ പറഞ്ഞിരുന്നു. കോൺഗ്രസ് ലോക്‌സഭാ മുന്നൊരുക്ക ചർച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിന് പിന്നാലെ എ.എ.പി വക്താവ് പ്രിയങ്ക കക്കാർ പ്രതികരണവുമായി രംഗത്തെത്തി. ഡൽഹിയിൽ ഒന്നിച്ച് നിൽക്കാൻ താത്പര്യമില്ലെങ്കിൽ ഇന്ത്യ സഖ്യം ഉണ്ടാക്കുന്നതിൽ കാര്യമില്ലെന്നെന്ന് പ്രിയങ്ക കക്കാർ അഭിപ്രായപ്പെട്ടു. വെറുതെ സമയം പാഴാക്കുന്നതാവും മുന്നണി രൂപീകരണമെന്നും അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പാർട്ടി ഉന്നത നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രിയങ്ക കക്കാർ അറിയിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് പാർട്ടിയുടെ ഉന്നതാധികാര സമിതി പ്രതികരിക്കുമെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. പാർട്ടി രാഷ്ട്രീയ കാര്യ സമിതിയും സഖ്യത്തിലെ മറ്റു കക്ഷികളും ഒരുമിച്ചിരുന്നും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

