തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസും ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. വിരമിച്ച ജീവനക്കാർക്ക് ഉത്സവ ബത്തയായി ആയിരം രൂപ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ സർക്കാർ ജീവനക്കാർക്കും അഡ്വാൻസായി ഇരുപതിനായിരം രൂപയാണ് നൽകുന്നത്.
പാർട്ട്ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സർക്കാർ നൽകുന്ന അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ- സ്കീം തൊഴിലാളികൾക്ക് അതേ തുക ഈ വർഷവും ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു. 13 ലക്ഷത്തിലധികമുള്ള ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും ഓണം പ്രമാണിച്ച് സഹായം എത്തിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.

