കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി ബിജെപി കോട്ടയം ജില്ല അധ്യക്ഷൻ ലിജിൻ ലാൽ മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് ലിജിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി ജെ പി വ്യക്തികളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സ്വീകരിക്കില്ലെന്നും ഇടത് വലതു പക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാകും ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്നും ലിജിൻ പ്രതികരിച്ചു.
മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ച ചെയ്യുമെന്നും കഴിഞ്ഞദിവസം ജെയ്ക് പറഞ്ഞ പുണ്യാളന്റെ കാര്യത്തെ സംബന്ധിച്ച് ഷംസീറും ഗോവിന്ദൻ മാസ്റ്ററും വ്യക്തത വരുത്തണമെന്നും പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി പ്രതികരണം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു ലിജിൻ ലാൽ. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പും സെപ്റ്റംബർ 8 ന് വോട്ടെണ്ണലും നടക്കും.

