ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്തിനാണ് വേവലാതി; കെ സുധാകരൻ

കോട്ടയം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഎമ്മിന് എന്തിനാണ് വേവലാതിയെന്ന് സുധാകരൻ ചോദിക്കുന്നു. മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് കേരളത്തിലെ ഇടതുപക്ഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ കെടുകാര്യസ്ഥത വിലയിരുത്തപ്പെടും. ഇടതുപക്ഷത്തിനെതിരായ പൊതുയുദ്ധമായി തെരഞ്ഞെടുപ്പ് മാറരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. തെരഞ്ഞെടുപ്പ് പുതുപ്പള്ളിയിൽ ഒതുക്കി നിർത്താനാണ് സിപിഎം തന്ത്രം. എന്നാൽ, ആ തന്ത്രം പൊളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എൻഎസ്എസിന്റെ വോട്ട് കിട്ടില്ലെന്ന് സിപിഎമ്മിന് തന്നെ അറിയാം. എൻഎസ്എസ് എന്നും കോൺഗ്രസിനൊപ്പമാണ്. സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണ്. പുതുപ്പള്ളിയിൽ പൂർണ്ണ ശുഭാപ്തി വിശ്വാസമുണ്ട്. ജനങ്ങളുടെ പൾസ് കോൺഗ്രസ് തൊട്ടറിഞ്ഞതാണെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.