ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കാവൽ പ്രധാനമന്ത്രിയായി സെനറ്റർ അൻവാർ ഉൾ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷനേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കാക്കറിന്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാരായിരിക്കും വർഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത്. ഷെഹബാസ് ഷരീഫും പ്രതിപക്ഷനേതാവും കാക്കറിനെ കാവൽ പ്രധാനമന്ത്രിയായി നിർദേശിച്ചുള്ള കത്തിൽ സംയുക്തമായി ഒപ്പുവെച്ചുവെന്നും പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
പാക് പ്രസിഡന്റ് ആരിഫ് അൽവി നിർദ്ദേശത്തിന് അംഗീകാരം നൽകിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്താൻ അവാമി പാർട്ടിയിൽ നിന്നുള്ള സെനറ്ററാണ് കാക്കർ. 2018 മുതൽ പാക് സെനറ്റിൽ അംഗമാണ്.

