കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവൻ. എട്ട് നോയമ്പും ഓണക്കാലവും അയ്യങ്കാളി ദിനവും ശ്രീനാരായണ ഗുരു ജയന്തിയും ഒന്നിക്കുന്ന കാലയളവിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനത്തിൽ അസാധാരണമായൊരു നീക്കം കാണുന്നു. മുൻ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ജനപ്രതിനിധി മരണപ്പെട്ടിട്ട് ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ്. ഏത് സമയത്തും തെരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്. ഇലക്ഷൻ നടക്കുന്ന മേഖലയുടെ സവിശേഷകരമായ സാഹചര്യങ്ങളേയും നാടിന്റെ പ്രധാനപ്പെട്ട ഉത്സവ കാലഘട്ടത്തേയും ഇലക്ഷൻ കമ്മീഷൻ പരിഗണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പുതുപ്പള്ളി അംസബ്ലി മണ്ഡലത്തിലാണ് ചരിത്ര പ്രസിദ്ധമായ എട്ട് നോമ്പ് ആചരണമുള്ള മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജാതി-മത ഭേതമെന്യേ നോമ്പ് ആചരിച്ച് ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മണർകാട് പള്ളി. സെപ്തംബർ 1 മുതൽ 8 വരെയാണ് തീർത്ഥാടന കാലയളവ്. ടൂറിസം മാപ്പിൽ ഇടംപിടിച്ച ഒരു പിൽഗ്രിം ടൂറിസം സെന്റർ കൂടിയാണ് ഈ തീർത്ഥാട കേന്ദ്രം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഓഗസ്റ്റ് 29നും, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ഓഗസ്റ്റ് 28 നും, യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം ഓഗസ്റ്റ് 31 നും കേരളം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളെല്ലാം നടക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. കേരളത്തിലെ ജനങ്ങളുടെ സന്തോഷകമായ ഈ ആഘോഷ നാളുകളുടെ ഇടയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് ഇലക്ഷൻ കമ്മീഷൻ പുനപരിശോധിച്ച് നീട്ടി വെക്കണം. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകുവാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

