ന്യൂഡൽഹി: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. നിയമസഭയിൽ ഉമ തോമസ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2022-23 അദ്ധ്യയന വർഷത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലക്ക് അഞ്ച് യു ജി പ്രോഗ്രാമുകൾക്കും രണ്ട് പി ജി പ്രോഗ്രാമുകൾക്കുമാണ് യുജിസി അനുമതി നൽകിയിരുന്നത്. 5400 വിദ്യാർഥികൾ ഈ കോഴ്സുകളിലാകെ കഴിഞ്ഞ അദ്ധ്യയനവർഷം പ്രവേശനം നേടിയിരുന്നു. സർവ്വകലാശാലക്ക് യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്നും നിലവിൽ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകൾ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുണ്ട്.
ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശന അറിയിപ്പ് നൽകിയിരുന്നു. ഈ വർഷം ഇതുവരെ 2500 വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 22,000 ഓളം വിദ്യാർത്ഥികൾ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

