ചിരിയുടെ ഗോഡ്ഫാദർ; കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സിദ്ദിഖിന്റെ വിയോഗമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ചു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖെന്ന് വി ഡി സതീശൻ പറഞ്ഞു.

മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ധിഖ് -ലാൽ എന്ന പേരിൽ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ,വിയറ്റ്‌നാം കോളനി, കാബൂളിവാല എല്ലാം മറക്കാനാകാത്ത സിനിമകളാണെന്ന് അദ്ദേഹം അറിയിച്ചു.

അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദിഖിന്റെ നിര്യാണം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നൽകിയ കലാകാരനാണ് സിദ്ദിഖെന്ന് കെ സുധാകരൻ പറഞ്ഞു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവം എടുത്തുപറയേണ്ടതാണ്. എൺപതുകളിൽ ജനപ്രിയമായിരുന്ന മിമിക്‌സ് പരേഡിൻറെ ശിൽപികളിൽ പ്രധാനിയാണ് സിദ്ദിഖ്. മലയാളി പ്രേക്ഷകരെ മനസ്സ് നിറയെ ചിരിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.