തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ഡ്രഡ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വിജിലൻസിന്റെ അന്വേഷണം തുടരാൻ അനുമതി നൽകി. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും എന്നാൽ ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
അഴിമതിയിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാക്കാനാണ് അനുമതി. എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി അറിയിച്ചു.
അതേസമയം, അന്വേഷണം ജേക്കബ് തോമസിനെതിരായ വേട്ടയാടലാകുമെന്നായിരുന്നു ജേക്കബിന്റെ വാദം. നെതർലാൻഡസ് കമ്പനിയിൽ നിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം.

