തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനമെന്ന പ്രത്യേകത ഇനി കേരളത്തിന് സ്വന്തം. ഇന്ന് നടന്ന നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നിലപാട് ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് യൂണിയൻ സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേരള നിയമസഭാ അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ആശയ സംവാദമോ അഭിപായ സമന്വയമോ ഇല്ലാത്ത ഈ നീക്കത്തിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടാകുമെന്നും ഈ ആശങ്ക നിയമസഭയും പങ്ക് വയ്ക്കുന്നതായും പ്രമേയത്തിൽ പറയുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയത്തിൽ ഒരു നീക്കവും നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകരുതെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണഘടനയിൽ പറയുന്ന പൊതു സിവിൽ നിയമമല്ല സംഘ പരിവാർ ഉദ്ദേശിക്കുന്നത്, അവരുടെ ചിന്തയിലുള്ളത് മനുസ്മൃതിയിൽ പറയുന്ന ഒരു നിയമമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

