തിരുവനന്തപുരം: എഞ്ചിനീയർമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങിയ വിവിധ തസ്തികകൾ കാസർഗോഡ് ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറിതലത്തിൽ സർവ്വീസ് സംഘടനകളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സി എച്ച് കുഞ്ഞമ്പുവിന്റെ സബ്മിഷന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ യഥാസമയം നികത്തുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ ഈ ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ മറ്റു ജില്ലകളിലേക്ക് ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ സ്ഥലംമാറ്റം നേടി പോകുന്നതും അവധിയിൽ പ്രവേശിക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഇപ്രകാരം ജീവനക്കാരുടെ അഭാവം ഉണ്ടാകുന്നത് ഗുരുതരമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ ജില്ലകളിൽ നിയമനം ലഭിക്കുന്നവർ നിശ്ചിത കാലയളവിൽ ജോലി ചെയ്യുന്നു എന്നുറപ്പാക്കാൻ 2022 മാർച്ച് 14ലെ സർക്കുലർ പ്രകാരം എല്ലാ വകുപ്പ് തലവന്മാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പദ്ധതിയുടെയും ആവശ്യകതയെ അടിസ്ഥാനമാക്കി കാലാവധി നിർണ്ണയിച്ച് പ്രസ്തുത കാലാവധി വരെ ഉദ്യോഗസ്ഥർ ജോലിയിൽ തുടരണമെന്ന നിർദ്ദേശമടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം ലഭ്യമാക്കാൻ എല്ലാ ജില്ലാ കളക്ടർമാരോടും വകുപ്പ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

