കൊച്ചി : സംസ്ഥാനചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും അതിനാൽ 21 ന് നടന്ന അവാർഡ് പ്രഖ്യാപനം നിർത്തലാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് ബാലാജി സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാനും 4 ദിവസത്തിനകം വിശദീകരണം നൽകാനും നിർദ്ദേശിച്ചു. ഫീച്ചർ ഫിലിം ‘ആകാശത്തിന് താഴെ ‘യുടെ സംവിധായകൻ ലിജീഷ് മുള്ളേഴത്താണ് അവാർഡ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
സംവിധായകൻ വിനയനും രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിനെ അവാർഡിൽ നിന്നും തഴയാൻ രഞ്ജിത് ഇടപെട്ടെന്നായിരുന്നു വിനയൻ ഹർജിയിൽ പറഞ്ഞത് . ഈ വിഷയത്തെ സാധൂകരിക്കുന്ന ജൂറി അംഗത്തിന്റെ ഫോൺ സംഭാക്ഷണവും വിനയൻ പുറത്ത് വിട്ടിരുന്നു. പബ്ലിക് റിലേഷൻ വകുപ്പ് നിയന്ത്രിച്ചിരുന്ന ചലച്ചിത്ര അവാർഡ് കൂടുതൽ വിശ്വസ്തമാക്കി മാറ്റാൻ വേണ്ടിയായിരുന്നു ചലച്ചിത്ര അക്കാദമിയുടെ നിയന്ത്രണത്തിലാക്കിയത്. എന്നാലിപ്പോൾ അതാണ് അട്ടിമറിക്കപ്പെട്ടതെന്ന് വിനയൻ പറഞ്ഞു.

