ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കാൻ ആംആദ്മി

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്നാണ് ആംആദ്മി പാർട്ടി അറിയിച്ചത്. പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഇസുദാൻ ഗഡ്വിയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ കോൺഗ്രസാണ് മുന്നിൽ നിന്നത്. കോൺഗ്രസമായി യോജിച്ച് പ്രവർത്തിക്കാൻ ഇതാണ് മുഖ്യ കാരണം. അതേസമയം, ഇത്തരമൊരു സഖ്യ ചർച്ചയിലേക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം എത്തിയിട്ടില്ല. ഇക്കാര്യങ്ങൾ ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വത്തിലാണ് നടക്കുകയെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ കാലങ്ങളായി ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം നടക്കുന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഗുജറാത്തിൽ മത്സരിച്ചിരുന്നു. അഞ്ച് സീറ്റുകളിൽ എഎപി വിജയിക്കുകയും ചെയ്തിരുന്നു.