ഹിജാബ് ധരിക്കാത്തവരെ മാനസികരോഗിയാക്കി മുദ്രകുത്തുന്ന അവസ്ഥ; ഇറാനിൽ സ്ഥിതിഗതികൾ രൂക്ഷം

ടെഹ്റാൻ: ഇറാനിലെ നിയമങ്ങൾ പഴയതിലും കർശനമാകുന്നു. ഹിജാബ് ധരിക്കാത്തവരെ മാനസികരോഗിയാക്കി മുദ്രകുത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ മാനസീകാരോഗ്യ കേന്ദ്രങ്ങളിലയച്ച് ഇറാൻ ഭരണകൂടം പീഡിപ്പിക്കയാണെന്നാണെന്നാണ് റിപ്പോർട്ട്. ശിരോവസ്ത്രം ധരിക്കാത്തവരെ കൊണ്ട് ആശുപത്രികൾ മാനസികരോഗങ്ങൾക്കുള്ള മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നതായും വിവരമുണ്ട്.

ഇത്തരത്തിൽ കുറ്റക്കാരിയെന്ന് വിധിച്ച സ്ത്രീക്ക് മോർച്ചറിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യണമെന്ന വിചിത്ര ശിക്ഷകളും ഇറാൻ നൽകുന്നുണ്ട്. അടുത്തിടെ അറിപത്തുയൊന്നുകാരിയായ ഇറാനിയൻ നടി അഫ്‌സനെ ബയേഗൻ ഹിജാബ് ധരിക്കാതെ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയും, അതിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇവർക്ക് രണ്് വർഷത്തെ തടവാണ് ഇറാൻ വിധിച്ചത്. കുടുംബവിരുദ്ധ വ്യക്തിത്വ വൈകല്യ ചികിത്സയ്ക്കായി ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പറഞ്ഞയക്കുകയും ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ ആദ്യത്തെ സിനിമാ-ടെലിവിഷൻ താരങ്ങളിൽ ഒരാളായിരുന്നു ബയേഗൻ.

അതേസമയം, പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്തി അവരെ തടങ്കലിൽ വയ്ക്കുന്ന രീതി മതകാര്യ പൊലീസ് പുനരാരംഭിക്കുമെന്ന് പൊലീസ് വക്താവ് ജനറൽ സയീദ് മൊണ്ടസെറോൾ മഹ്ദി അറിയിച്ചിരുന്നു.