തിരുവനന്തപുരം : കുട്ടനാട്ടിലെ എം എൽ എ യും എൻ സി പി നേതാവുമായ തോമസ് കെ തോമസിന്റെ വധശ്രമ പരാതിയിൽ പ്രതികരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. എം എൽ എ യുടെ വാദം ഗുരുതരമാണെന്നും കേസിൽ പോലീസ് അന്വേഷണം നടത്തട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലാനും വേണ്ടി ക്രൂരത കൊണ്ട് നടക്കുന്നവർ തങ്ങളുടെ പാർട്ടിയിലില്ലെന്നും അഥവാ സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഈ വിഷയം എൻ സി പി യിൽ ആരും ഇത് വരെ ഉന്നയിച്ചിട്ടില്ലെന്നും വനം മന്ത്രി വ്യക്തമാക്കി.
തോമസ് എം എൽ എ പി സി ചാക്കോയെ മുഖ്യ ശത്രുവായി കാണുകയാണെന്നും പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും ശശീന്ദ്രൻ കൂട്ടി ചേർത്തു. പാർട്ടിക്കുള്ളിലുള്ളവർ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് തോമസ് കെ തോമസ് ഡി ജി പിക്ക് പരാതി നൽകിയത്. തന്റെ മുൻ ഡ്രൈവറിനെ സ്വാധീനിച്ച് വാഹനം അപകടപ്പെടുത്താൻ ശ്രമിച്ചെന്നും പാർട്ടിയിലെ ചേരി പ്പോരാണ് ഇതിനു കാരണമെന്നും എം എൽ എ പരാതിയിൽ പറയുന്നു. എൻ സി പി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാനെതിരെയാണ് തോമസ് കേസ് നൽകിയിരിക്കുന്നത്.

