2023 ലെ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

high court

കൊച്ചി: 2023 ലെ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഹർജി ഹൈക്കോടതി നാളെ പരിഗണിക്കുമെന്നാണ് വിവരം. ജൂറി അംഗങ്ങൾ തന്നെ പുരസ്‌കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിലാണ് ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ സംവിധായകൻ വിനയൻ ചില തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്. തന്റെ സിനിമയ്ക്ക് അവാർഡ് നൽകുന്നതിനെതിരെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയൻ ഉന്നയിച്ച ആരോപണം. അക്കാഡമി ചെയർമാന്റെ ഭാഗത്ത് നിന്നും സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാർഡ് നിർണയത്തിൽ ഉണ്ടായെന്നും അത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യവും ഹർജി മുന്നോട്ടുവെയ്ക്കുന്നു.