ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനായി പുതിയ നടപടികളുമായി ചൈന. ഇതിനായി കംബോഡിയയിൽ ചൈന പുതിയ തുറമുഖം നിർമ്മിച്ചിരിക്കുകയാണ്. ചൈനയുടെ നീക്കം മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് വലിയ തടസ്സമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിൽ കഴിഞ്ഞ വർഷം ചൈന സൈനിക താവളം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കംബോഡിയയിലെ തുറമുഖ നിർമ്മാണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുള്ള ചൈനീസ് യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ സഹായം പുതിയ തുറമുഖത്തിലൂടെ എത്തിച്ചു നൽകാൻ കഴിയും.
ഇന്ത്യയുടെ എതിപ്പുകൾ മറികടന്ന് കഴിഞ്ഞ വർഷം ചൈനയുടെ നിരീക്ഷണക്കപ്പൽ യുവാങ് വാങ്5 ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ പല നീക്കങ്ങളും മനസ്സിലാക്കാൻ ഈ കപ്പൽവഴി സാധ്യമാകുമെന്നായിരുന്നു പ്രതിരോധ രംഗത്തെ വിദഗ്ധർ അന്ന് ആശങ്കപ്പെട്ടിരുന്നത്. ആ കപ്പൽ പിന്നീട് തിരികെ പോയി. എന്നാൽ, യുവാങ് വാങ്6 നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ ഭാഗത്ത് ഉണ്ടെന്നത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

