സലിം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ല; പരാമർശം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നടൻ സലിം കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം സലിം കുമാറിന്റെ നടപടി ഒട്ടും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സലിം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിം കുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലിം കുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിത്തും വിവാദവും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാർ പരിഹസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി ശിവൻകുട്ടി സലിം കുമാറിനെതിരെ രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലീംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീംകുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.