ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം നടത്താൻ സാവകാശം തേടി വിചാരണക്കോടതി. കേസിൽ വിധി പറയാൻ എട്ടു മാസം കൂടി വേണമെന്നാണ് വിചാരണ കോടതി സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.
2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നും വിചാരണക്കോടതി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിൽ സാക്ഷിവിസ്താരം മാത്രം പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണം. ആറു സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തുനിന്നു അലംഭാവം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കഴിവതും വേഗം പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കും.

