ന്യൂഡൽഹി: മണിപ്പുർ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭ്യർഥന അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ബുധനാഴ്ച പ്രതിപക്ഷ എംപിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പുരിലെ അക്രമം ആശങ്കാജനകമാണെന്നും ഇതു പരിഹരിക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണിത്.
21 അംഗ പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. രണ്ട് ദിവസം സംസ്ഥാനത്തുണ്ടായിരുന്ന സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സമഗ്രമായ ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.

