ന്യൂഡൽഹി: ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്ര സർക്കാർ. ഹിമാചൽ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ചു. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവും നിതിൻ ഗഡ്കരിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കുളു ജില്ലയെ തകർത്തെറിഞ്ഞ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ ഇരുവരും സംയുക്തമായി വിലയിരുത്തി. ബഡാ ഭുയാൻ, ദിയോധർ, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രുവരും സന്ദർശനം നടത്തുകയും ദുരന്തബാധിതരായ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹായ പ്രഖ്യാപനം.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്‌ഫോടനം എന്നിവ കാരണം ഹിമാചലിലെ റോഡുകൾക്കും പാലങ്ങൾക്കും സ്വകാര്യ സ്വത്തിനും വലിയ നാശനഷ്ടം ഉണ്ടായെന്നും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന് കേന്ദ്ര റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് (സിആർഐഎഫ്) കീഴിൽ 400 കോടി രൂപ കേന്ദ്രസർക്കാർ അനുവദിക്കുമെന്നും നിതിൻ ഗഡ്ക്കരി അറിയിച്ചു. നദിയുടെ ഉഗ്രമായ ഒഴുക്കിൽ ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും വലിയ ഭാഗങ്ങൾ ഒലിച്ചുപോയെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സാധ്യതയുള്ള കാരണങ്ങൾ പഠിക്കാനും നടപടികൾ സ്വീകരിക്കാനും ഒരു സാങ്കേതിക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഘം മൂന്നോ നാലോ ദിവസത്തിനുള്ളിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. നദീതടത്തിൽ ചളി അടിഞ്ഞുകൂടിയതിനാൽ നദിയുടെ ഗതി മാറിയെന്നും ആവശ്യമുള്ളിടത്തെല്ലാം കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനോ നദീതടങ്ങളിലെ ഒഴുക്കു സുഗമാമാക്കുന്നതിനോ അനുയോജ്യമായ നടപടികൾ സ്വീകരിക്കും. ദേശീയപാതയോരത്തെ ഒരു കിലോമീറ്റർ വരെയുള്ള ലിങ്ക് റോഡുകൾ നന്നാക്കുന്നതിനുള്ള ചെലവ് ദേശീയപാതാ അതോറിറ്റി വഹിക്കും. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

