ഇപ്പോൾ ബന്ധം നല്ല രീതിയിൽ; വഷളാവാതെ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മന്ത്രി

അത്തോളി: ഉദ്യോഗസ്ഥന്മാർക്കും കരാറുകാർക്കും മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലം പണി സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നൽകിയ മുന്നറിയിപ്പ്. ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധം നല്ല രീതിയിലാണെന്നും അത് വഷളാവാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിലെ തോരായി കടവ് പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സംസ്ഥാനത്ത് രണ്ടു വർഷം കൊണ്ട് 68 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചു. മൂന്ന് വർഷം കൊണ്ട് 50 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യം രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. 68 പാലങ്ങളാണ് ഈ കാലയളവിനുളളിൽ പൂർത്തീകരിച്ചത്.110 ഓളം പാലങ്ങളുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയപാത വികസനം ജില്ലയിൽ 2024 നകവും സംസ്ഥാനത്ത് 2025 നുള്ളിലും പൂർത്തീകരിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും കേരളം വേഗതയാർന്ന വികസന പ്രവർത്തനങ്ങളുമായ് മുന്നോട്ടു പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.