സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അധികം വൈകരുതെന്ന് കെ സി വേണുഗോപാൽ

ന്യൂഡൽഹി: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അധികം വൈകാതെ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും കോൺഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കേരളത്തിലെ നേതാക്കൾ നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കേരളത്തിലെ 20 സീറ്റുകൾ ജയിക്കാനാകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ നേതാക്കളെല്ലാം ശുഭാപ്തിവിശ്വാസത്തിലാണ്. ഈ സ്ഥിതി വോട്ടാക്കി മാറ്റാനുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യ പ്രതികരണമായി മാറരുതെന്ന കർശന നിർദേശം നേതാക്കൾക്ക് നൽകിയിട്ടുണ്ട്. മുഴുവൻ നേതാക്കളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി ജനങ്ങളെ സമീപിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ജനങ്ങൾ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.