ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ (ഡിപിഡിപി ബിൽ) കേന്ദ്ര സർക്കാർ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. നേരത്തെ ബില്ല് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
ബിൽ നിയമമായാൽ സ്വകാര്യ കമ്പനികളടക്കം പാലിക്കണം. സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്തിയെ അറിയിക്കേണ്ടതായി വരും. വിവരച്ചോർച്ചയുണ്ടായാൽ കോടികൾ പിഴ നൽകണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ബില്ലുമായി ബന്ധപ്പെട്ട് 48 സ്ഥാപനങ്ങളുമായും സർക്കാരിനുള്ളിൽ 38 വിഭാഗങ്ങളുമായും കൂടിയാലോചന നടത്തിയിരുന്നു. വിഷയത്തിൽ പൊതുജനങ്ങളുടെ 21,666 അഭിപ്രായങ്ങളും സർക്കാരിനു ലഭിച്ചിരുന്നു. ബില്ല് നിയമമായാൽ വിവരാവകാശ അപേക്ഷയ്ക്ക് ഇനി വ്യക്തിവിവരങ്ങൾ മറുപടിയായി ലഭിക്കില്ല. നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി നിലവിൽ വരും. അപ്പീലുകൾ ടെലികോം തർക്കപരിഹാര അപ്ലറ്റ് ട്രൈബ്യൂണലുകൾ പരിഗണിക്കുന്നതാണ്. വിവരച്ചോർച്ചയുണ്ടായാൽ ബന്ധപ്പെട്ട വ്യക്തിയെയും ഡേറ്റ പ്രൊട്ടക്ഷൻ ബോർഡിനെയും അറിയിക്കണമെന്നും ബില്ല് നിർദ്ദേശിക്കുന്നു. വീഴ്ചയുണ്ടായാൽ 250 കോടി രൂപ വരെ പിഴ ചുമത്തും.
ഇതു 500 കോടി വരെ ഉയർത്താനും വ്യവസ്ഥയുണ്ട്. വ്യക്തിവിവരം ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങണം. വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും സാധിക്കുന്ന തരത്തിലാണു പുതിയ നിയമം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

