കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് സുരാജിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. അപകടം സംബന്ധിച്ച കാര്യങ്ങൾക്ക് വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. എറണാകുളം ആർടിഒ ആണ് സുരാജിന് നോട്ടീസ് നൽകിയത്. സുരാജഡ് നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ബോധവത്കരണ ക്ലാസ് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12-ഓടെ പാലാരിവട്ടത്ത് വെച്ചാണ് സുരാജ് ഓടിച്ച കാർ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ സുരാജിനതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി താരത്തിന്റെ വാഹനം പരിശോധിക്കുകയും ചെയ്തു.

