എൻഎസ്എസ് നടത്തിയ നാപജപ യാത്രക്കെതിരെ കേസെടുത്ത് പോലീസ്; ആയിരത്തിലേറെ പേർ പ്രതികൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഎസ്എസ് നടത്തിയ നാപജപ യാത്രക്കെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാറാണ് കേസിലെ ഒന്നാം പ്രതി. ആയിരത്തിലേറെ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പീക്കർ എഎൻ ഷംസീർ ഹിന്ദുവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനാചരണത്തിന് ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് നാപജപ യാത്ര നടത്തിയത്.

ഗതാഗത തടസം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. അനധികൃതമായി സംഘം ചേർന്ന് ഘോഷയാത്ര നടത്തിയെന്നാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള മറ്റൊരു കാരണം. ഹൈക്കോടതി വിധി ലംഘിച്ചെന്നും കേസിൽ വ്യക്തമാക്കുന്നു. ബുധനാഴ്ച്ച വൈകിട്ട് പാളയം മുതൽ പഴവാങ്ങാടി വരെയായിരുന്നു എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്.

അതേസമയം, ഘോഷയാത്ര സംബന്ധിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് എൻഎസ്എസ് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുള്ളത്.