ന്യൂഡൽഹി: മരുന്നുകൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് ഒന്ന് മുതൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചുവെന്നാണ് വിവരം. ഈ ഘട്ടത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 300 മെഡിസിൻ ബ്രാൻഡുകൾ തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മരുന്നുകളിൽ ക്യൂആർ കോഡ് ഏർപ്പെടുത്തും.
കാൽപോൾ, ഡോളോ, അലേഗ്ര, മെഫ്താൽ സ്പാസ് എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ ഇതിലുൾപ്പെടുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കമ്പനികൾ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ ബാർ കോഡുള്ള മരുന്നുകളുടെ പുതിയ സ്റ്റോക്ക് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
മരുന്നുകളിൽ നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ അറിയാൻ കഴിയും. ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന വിവരം മരുന്നിന്റെ പാക്കേജിലെ വിവരങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് മനസ്സിലായാൽ അതിനർത്ഥം നിങ്ങൾക്ക് ലഭിച്ച മരുന്ന് വ്യാജമാണെന്നാണ്. മരുന്നിന്റെ വിവരങ്ങളിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ഈ വിവരം നിങ്ങൾക്ക് മരുന്ന് നിർമ്മാതാവിനെ അറിയിക്കാമെന്ന് രു മുൻനിര ഫാർമസി കമ്പനിയിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇ-മെയിലിലൂടെയാണ് പരാതി നൽകേണ്ടത്. മരുന്നിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചും പരാതി അറിയിക്കാം.

