ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന കാര്യത്തിൽ മറുചോദ്യമില്ല; കപിൽ സിബൽ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന കാര്യത്തിൽ മറുചോദ്യമില്ലെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുൻപാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെടുന്നത്.

ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനാവാത്തതാണ്. അത് ഇനിയും ചോദ്യം ചെയ്യപ്പെടാതെ തുടരും. ആരും അതിൽ തർക്കിക്കുന്നില്ല, ആരും തർക്കിച്ചിട്ടുമില്ല. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഒരു യൂണിറ്റാണെന്നും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ 2019ലെ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജിക്കാർക്കു വേണ്ടി കബിൽ സിബലാണ് ഹാജരായത്. സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിന്റെ സാധുതയെ കബിൽ സിബൽ ചോദ്യം ചെയ്യുന്നുണ്ട്.