മ്യാന്മർ ഓങ് സാൻ സൂചിക്ക് ഭാഗികമായി മാപ്പു നൽകി പട്ടാള ഭരണകൂടം

ഇംഫാൽ: മ്യാന്മർ ഓങ് സാൻ സൂചിക്ക് ഭാഗികമായി മാപ്പു നൽകുന്നതായി അറിയിച്ച് പട്ടാള ഭരണകൂടം. 2021 ൽ പട്ടാളം അധികാരം പിടിച്ചത് മുതൽ ജയിലിൽ കഴിയുകയാണ് ഓങ് സാൻ സൂചി. കഴിഞ്ഞ ആഴ്ച ഒരു സർക്കാർ മന്ദിരത്തിലേക്ക് ഓങ് സാൻ സൂചിയെ മാറ്റിയിരുന്നു. ബുദ്ധമത വിശ്വാസ പ്രകാരമുള്ള ശ്രേഷ്ഠ മാസങ്ങളുടെ ഭാഗമായി ഏഴായിരം തടവുകാർക്ക് മാപ്പു നൽകുന്നുവെന്നും ഇക്കൂട്ടത്തിൽ സൂചിയുടെ അഞ്ചു കേസുകളും ഉൾപ്പെടുത്തുന്നുവെന്നും പട്ടാള ഭരണകൂടം വ്യക്തമാക്കി.

33 വർഷത്തെ തടവുശിക്ഷയാണ് ഈ കേസുകളിൽ സൂചിക്ക് വിധിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം, സൂചിക്ക് എതിരെ അഴിമതി അടക്കം 14 കേസുകൾ കൂടി പട്ടാള ഭരണകൂടം ചുമത്തിയിട്ടുള്ളതിനാൽ വീട്ടു തടങ്കൽ തുടരാനാണ് സാധ്യതയെന്നാണ് വിവരം.